Kerala
തിരുവനന്തപുരം: കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പാക്കില്ല. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സെന്‍സസിനൊപ്പം നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ കൂടി നടത്തിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ ഉത്തരവ്.
എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ 2019-ല്‍ നടപടി സ്വീകരിച്ചിരുന്നുവെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കൊവിഡ് കാരണം മുടങ്ങിയ സെന്‍സസ് നടപടികള്‍ അടുത്ത വര്‍ഷം മുതല്‍ നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പൗരത്വ ഭേദഗഗതി നിയമത്തിനെതിരെയും പ്രമേയം പാസാക്കിയിരുന്നു. രാജ്യത്ത് പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനവും കേരളമാണ്.
സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും 2019 ഡിസംബര്‍ 20 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്‍ആര്‍സി, സിഎഎ എന്നിവയ്ക്കെതിരായ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് എന്‍പിആര്‍ നടപടികളും നിര്‍ത്തിവച്ചത്.
Kerala
വിഴിഞ്ഞം: ഒരേസമയം അഞ്ച് മദർഷിപ്പുകൾ വരെ കൈകാര്യം ചെയ്യാൻ പാകത്തിൽ തുറമുഖം വികസിക്കും. 2035ൽ സംസ്ഥാന സർക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങും.
തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിനായി 5,500 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ മുടക്കിയത്. രാജ്യത്ത് മറ്റൊരു സർക്കാരും തുറമുഖ നിർമാണത്തിനായി ഇത്രയും വലിയൊരു നിക്ഷേപം നടത്തിയിട്ടില്ല. രാജ്യത്തിനാകെ പ്രയോജനം ലഭിക്കുന്ന പദ്ധതിയായാണ് ഇതിനെ കാണേണ്ടത്.
വിഴിഞ്ഞത്തിന്റെ തീരത്തുനിന്ന് ലോകത്തിനു നാം നൽകുന്ന വലിയ സന്ദേശം ഇതാണ് “കേരളം മാറുകയാണ്, കേരളം മുന്നേറുകയാണ്”. ഇനിയും ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. ജനങ്ങളുടെയാകെ പിന്തുണയോടെ അവയും പൂർത്തീകരിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതോടൊപ്പം പോർട്ടിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
തുറമുഖ മന്ത്രി വി. എന്‍. വാസവന് അധ്യക്ഷത വഹിച്ചു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ആൻഡ് വാട്ടര്‍വേയ്സ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരുന്നു. മന്ത്രിമാരായ കെ. രാജന്, വി. ശിവന്‍കുട്ടി, കെ. എന്‍. ബാലഗോപാല്‍, ആര്. അനില്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് എന്നിവർ പ്രസംഗിച്ചു, എംഎല്‍എമാരാരായ അഡ്വ. എം. വിന്‍സന്റ്, വി. ജോയി, ഒ.എസ്. അംബിക, വി. ശശി, ഡി. കെ. മുരളി, കടകംപള്ളി സുരേന്ദ്രന്, അഡ്വ. വി.കെ. പ്രശാന്ത്, ജി. സ്റ്റീഫന്‍, സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, കെ. ആന്‍സലന്‍, മാനേജിംഗ് ഡയറകര്‍ കരണ്‍ അദാനി, ഡോ. എ. കൗശിഗന് ഐ .എ എസ്(സെക്രട്ടറി, തുറമുഖ വകുപ്പ്), വിജയ് കുമാര്‍ ഐഎഎസ്(സെക്രട്ടറി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ആൻഡ് വാട്ടര്‍വേയ്സ്), അശ്വനി ഗുപ്ത (ഡയറകര്‍ ആൻഡ് സിഇഒ), പ്രദീപ് ജയരാമന് (സിഇഒ, തുറമുഖം, ഡോ. ദിവ്യ എസ്. അയ്യര്‍ ഐഎഎസ്(മാനേജിംഗ് ഡയറകര്‍, വിസിൽ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, കളക്ടര്‍ അനുകുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Kerala
കൊച്ചി: കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷനും (ബെവ്കോ) മലബാര്‍ ഡിസ്റ്റിലറീസും ചേര്‍ന്ന് പുതിയ പ്രീമിയം ബ്രാണ്ടിക്ക് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ മത്സരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ കേരള ഹൈക്കോടതി സര്‍ക്കാരിനും ബെവ്കോയ്ക്കും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി.എം എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വിഷയത്തില്‍ വിശദമായ മറുപടി സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ കോടതി എതിര്‍കക്ഷികളോട് നിര്‍ദ്ദേശിച്ചു. മദ്യത്തിന്റെ നേരിട്ടുള്ളതോ അല്ലാതെയുള്ളതോ ആയ പരസ്യങ്ങള്‍ നല്‍കുന്നത് കേരള അബ്കാരി നിയമപ്രകാരവും ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരവും നിരോധിച്ചിട്ടുള്ളതാണ്. ബെവ്കോയുടെ ഈ മത്സരം ഒരുതരം പരോക്ഷ പരസ്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതും സാമാന്യവല്‍ക്കരിക്കുന്നതുമായ ഇത്തരം നടപടികള്‍ ഭരണഘടനയുടെ 47-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്നും ഹര്ജിക്കാരന് വാദിക്കുന്നു.പുതിയ മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 10,000 രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇതിന് വലിയ പ്രചാരണം നല്‍കിയിരുന്നു.
മത്സരം അടിയന്തരമായി റദ്ദാക്കണമെന്നും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അധികൃതരെ വിലക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേസിലെ തുടര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ കോടതി പരിഗണിക്കും.
National
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇഡി റെയ്ഡ് തടസപ്പെടുത്തിയ വിഷയത്തിൽ മമത ബാനർജിക്കും സംസ്ഥാന സർക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചു. സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസി അന്വേഷണം തടസപ്പെടുത്തുന്നത് ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
വിഷയം പരിഹരിച്ചില്ലെങ്കിൽ അത് നിയമവ്യവസ്ഥ തകരാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മമതയ്ക്കും സർക്കാരിനും നോട്ടീസ് അയച്ചത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന പോലീസ് എടുത്ത കേസും കോടതി സ്റ്റേ ചെയ്തു. കുറ്റവാളികൾക്ക് സംസ്ഥാന ഏജൻസികൾ സംരക്ഷണം നൽകാൻ പാടില്ലെന്ന് സുപ്രീം കോടതി നിർദേശിച്ചു.
റെയ്ഡിനിടെയുള്ള സിസി ടിവി ദൃശ്യങ്ങൾ സൂക്ഷിച്ചു വയ്ക്കണമെന്നും നിർദേശിച്ചു. അതേസമയം കേന്ദ്ര ഏജൻസികൾക്ക് തെരഞ്ഞെടുപ്പുകളിൽ ഇടപെടരുതെന്ന മുന്നറിയിപ്പും സുപ്രീം കോടതി നൽകി. എന്നാൽ ഇതാരോപിച്ച് അന്വേഷണം തടസപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വെട്ടിക്കുറച്ച സംസ്ഥാനത്തിന്റെ കടമെടുക്കല്‍ പരിധി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നാളെ കേന്ദ്രത്തിന് നിവേദനം സമര്‍പ്പിക്കും. കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഡല്‍ഹിയില്‍ വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പങ്കെടുക്കും. ഇവിടെവച്ചാകും നിവേദനം സമര്‍പ്പിക്കുക.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ കടമെടുക്കല്‍ പരിധി 12,000 കോടി രൂപയായിരുന്നത് പകുതിയോളം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. സാമ്പത്തിക വര്‍ഷം മുഴുവന്‍ 17,000 കോടിയോളം രൂപയാണ് വെട്ടിക്കുറച്ചത്.
ഐജിഎസ്ടിയില്‍ മാത്രം 965 കോടി രൂപയുടെ വെട്ടിക്കുറവു വരുത്തി. കേന്ദ്രത്തിന്റെ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. 31,000 കോടി രൂപയുടെ ഗ്രാന്റ് 6,000 കോടി രൂപയിലേക്ക് ഒതുക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിന് അനുവദിച്ച 1,877 കോടി രൂപയും വെട്ടിക്കുറച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമുള്ള റെയില്‍വേ പദ്ധതി അനുവദിക്കുക, ഗതാഗത്തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ റെയില്‍വേ സൗകര്യങ്ങള്‍ അനുവദിക്കുക, വിഴിഞ്ഞം തുറമുഖ വികസനത്തിന് ആവശ്യമായ കേന്ദ്ര സഹായം അനുവദിക്കുക, വിഴിഞ്ഞത്തിന് ബജറ്റില്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിക്കും.
കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് 12ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരം നടത്തുന്നുണ്ട്.
Kerala
തിരുവനന്തപുരം: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാർ നിശ്ചയിച്ച പ്രായപരിധി നിബന്ധന കാറ്റിൽപറത്തി ഷെയ്ക് പരീതിന് വീണ്ടും കാലാവധി നീട്ടിനൽകി. തീരദേശ വികസന കോർപറേഷൻ എംഡി സ്ഥാനത്ത് തുടരുന്നതിനാണ് കാലാവധി നീട്ടിനൽകിയത്.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവികളിൽ തുടരുന്നതിന് 65 വയസാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രായപരിധി. എന്നാൽ ഷെയ്ക് പരീതിന് നിലവിൽ 67 വയസാണ് പ്രായം.
ഷെയ്ക് പരീതിന്റെ തന്നെ ആവശ്യപ്രകാരമാണ് സർക്കാർ കാലാവധി നീട്ടിയത്. തീരദേശ വികസന കോർപറേഷൻ വിവിധ പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്നും, താൻ എംഡി സ്ഥാനത്ത് നിന്ന് മാറിയാൽ പദ്ധതികൾ തടസപ്പെടുമെന്നും കാട്ടി പരീത് മന്ത്രി സജി ചെറിയാന് കത്ത് നൽകിയിരുന്നു.
ഇതേ തുടർന്നാണ് സംസ്ഥാന മന്ത്രിസഭാ യോഗം ഷെയ്ക് പരീതിന് കാലാവധി നീട്ടിനൽകിയത്. ഒരു വർഷത്തേക്കാണ് നിലവിൽ കാലാവധി നീട്ടിയിരിക്കുന്നത്. ഡിസംബർ 19ന് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിന്റെ രണ്ടാം ഘട്ടം ജനുവരി ഒന്നിന് ആരംഭിക്കും.
8237 രൂപയും ജിഎസ്ടിയുമായിരിക്കും കുടുംബ വാർഷിക പ്രീമിയം. ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നും പ്രതിമാസം 810 രൂപ വീതം പിടിക്കും.
സർക്കാരും ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയും തമ്മിലുള്ള ധാരണ വ്യവസ്ഥകൾക്ക് അനുസരിച്ചാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ആദ്യവർഷ പ്രീമിയം മാത്രമാണ് ഉത്തരവിൽ പരാമർശിക്കുന്നത്. അടുത്ത വർഷം ചിലപ്പോൾ ആനുപാതികമായി ഉയരാം.
2026 ജനുവരി ഒന്നുമുതൽ രണ്ടുവർഷമാണ് കാലാവധിയെന്ന് ഉത്തരവിൽ പറയുന്നുണ്ടെങ്കിലും 2028 ഡിസംബർ 31 വരെയാണ് തീയതി കാണിച്ചിരിക്കുന്നത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡി ജി പിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശിപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ തള്ളിയത് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യല്‍ പ്രോസിക്യൂട്ടരും പറയുന്നത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എട്ടാം പ്രതിയായിരുന്ന ദിലീപ് ഉള്‍പ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സര്‍ക്കാരിന്റെ അപ്പീല്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചെങ്കിലും, ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാല്‍, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉയര്‍ന്ന കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റേയും അന്വേഷണ സംഘത്തിന്റേയും നിലപാട്.
ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും വിചാരണ കോടതി വേണ്ടത്ര പരിഗണിച്ചില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് ഉള്‍പ്പെടെയുള്ള സാങ്കേതിക വിവരങ്ങളും ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകളും പുനഃപരിശോധിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഉന്നയിച്ചേക്കും.
വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ അപ്പീല്‍ ഫയല്‍ ചെയ്യാനാണ് നിലവിലെ തീരുമാനം.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
ജാമ്യം ലഭിച്ചാൽ പ്രതി കേസ് അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്ന് സർക്കാർ കോടതിയെ അറിയിക്കും. ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കും.
രണ്ടാമത്തെ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയത്. എംഎൽഎയെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദേശിച്ചിരുന്നു.
Kerala
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകില്ലെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സ്വര്‍ണപ്പാളി വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സ്വര്‍ണപ്പാളിയുടെ പേരില്‍ സര്‍ക്കാരിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജനങ്ങള്‍ അരി ആഹാരം കഴിച്ച് ജീവിക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിന്നാക്കക്കാര്‍ക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചതില്‍ സന്തോഷമുണ്ട്. നാമനിര്‍ദേശപത്രിക നല്‍കിയതില്‍ കൂടുതലും പിന്നാക്കകാരാണ്. ഭരിക്കാന്‍ മറ്റുള്ളവരും വോട്ട് ചെയ്യാന്‍ പിന്നാക്കക്കാരും എന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അരൂരിലെ ഗര്‍ഡര്‍ അപകടത്തില്‍ ശ്രദ്ധക്കുറവുണ്ടായി. ആരുടെയോ പിന്‍ബലം ഉള്ളത് കൊണ്ട് കരാറുകാരന് ധാര്‍ഷ്ഠ്യ സമീപനമാണ്. ടാക്സ് അടച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
Kerala
തിരുവനന്തപുരം: എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ഒരുകൂട്ടം വോട്ടർമാരെ ബോധപൂർവം നീക്കം ചെയ്യാനുള്ള ശ്രമമാണിതെന്നും ഗോവിന്ദൻ പറഞ്ഞു.
കേരളത്തിൽ ഫലപ്രദമായി ഫോറം വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. 80 ശതമാനം പൂർത്തിയായെന്നാണ് കമ്മീഷൻ പറയുന്നത്. എത്രത്തോളം നിയമ യുദ്ധം നടത്താൻ കഴിയുമോ അത്രയും മുന്നോട്ടു പോകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ വിഷയത്തില്‍ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
തദ്ദേശതെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ കോടതിയില്‍ വാദിച്ചത്. ഡിസംബർ നാലിനാണ് എസ് ഐ ആർ പൂർത്തിയാക്കേണ്ടത്.
തദ്ദേശതെരഞ്ഞെടുപ്പ് ഡിസംബർ ഒമ്പത്,11 തിയതികളിൽ നടക്കുമ്പോൾ രണ്ട് സുപ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർ തന്നെ പങ്കാളികളാകുമ്പോൾ പ്രായോഗിക പ്രശ്നങ്ങൾ ഏറെയെന്നാണ് സർക്കാർ വാദം.
എന്നാൽ 55 ശതമാനം ജോലികൾ പൂർത്തിയായ ഘട്ടത്തിൽ സർക്കാരിന്റെ ഈ ഹർജി ദുരുദ്ദേശപരമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഭരണസ്തംഭനം ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വാദം കേട്ട ഹൈക്കോടതി സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയാണ് അഭികാമ്യമെന്ന് നേരത്തെയും പറഞ്ഞിരുന്നു. നിലവില്‍ സുപ്രീം കോടതിയെ സമീപിക്കാൻ ഉത്തരവായിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളേണ്ടത് സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ ആണ് വായ്പകൾ എഴുതിത്തള്ളാൻ നേതൃത്വം നൽകേണ്ടത്. കേന്ദ്ര സർക്കാരിന് വായ്പ എഴുതിത്തള്ളാനാവില്ലെന്നും റിസർവ് ബാങ്കിന് മാത്രമേ ഇതിന് അധികാരമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിന്റെ വായ്പകൾ കേന്ദ്രത്തിന് എഴുതിത്തള്ളാനാവില്ല. ബാങ്കുകളുടേത് ബോർഡുകളും ഓഹരി ഉടമകളുമെല്ലാമുള്ള സംവിധാനമാണ്. ഇക്കാര്യത്തിനായി ബാങ്കുകളെ നിർബന്ധിക്കാൻ കേന്ദ്രത്തിന് അധികാരമോ റോളോ ഇല്ല.
ചോദിക്കുന്നവരും പറയുന്നവരും ഇക്കാര്യം മനസിലാകണം. വയനാട് ദുരന്തത്തിൽ ആർക്കെങ്കിലും നഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് സംസ്ഥാന സർക്കാരാണ് ആനുകൂല്യം കൊടുക്കേണ്ടത്. സംസ്ഥാനം സബ്സിഡി നൽകുകയാണ് ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: ചലച്ചിത്ര ലോകത്തിനു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു.
"മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന ആദരിക്കൽ ഒക്ടോബർ നാലിന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും.
മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് സാംസ്കാരിക- വജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മലയാള സിനിമയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച മോഹൻലാലിനോട് ഈ നാടിന്റെ അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തുന്ന ചടങ്ങാണ് "മലയാളം വാനോളം, ലാൽസലാം' എന്ന് മന്ത്രി പറഞ്ഞു.